Business Bites

സുപ്രീം കോടതിയുടെ നിർണായക വിധി; മകൾ ഒപ്പം

ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005 ൽ ഭേദഗതി ചെയ്യും മുൻപു ജനിച്ച പെൺമക്കൾക്കും കുടുംബ സ്വത്തിൽ തുല്യാവകാശം ലഭിക്കുമെന്നു സുപ്രീം കോടതി വിധിച്ചു.

സ്വത്തിൽ അവകാശമുണ്ടായിരുന്ന പിതാവ് നിയമം ഭേദഗതി ചെയ്യും മുൻപ് മരിച്ചോ എന്നതു മകളുടെ അവകാശം സംബന്ധിച്ചു പ്രസക്തമല്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പെൺമക്കൾക്കും ആൺമക്കൾക്കൊപ്പം സ്വത്തിൽ തുല്യ അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക വിധി. മാതാപിതാക്കളുടെ സ്വത്തിൽ മക്കൾക്ക് ജന്മനാ ഉള്ള നിയമപരമായ അവകാശം സംബന്ധിച്ചു ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലുള്ള വ്യവസ്ഥയ്ക്ക് വ്യക്തത വരുത്തുകയാണ് കോടതി ചെയ്തത്. അവകാശം ജന്മനാ ഉള്ളതായതിനാലാണ് പിതാവിന്റെ മരണം ഭേദഗതിക്കു മുൻപാണോ എന്നത് പ്രസക്തമല്ലെന്ന നിലപാട്.

1956 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005 സെപ്റ്റംബറിൽ യുപിഎ സർക്കാരിന്റെ കാലത്താണു ഭേദഗതി ചെയ്തത്. നിയമത്തിലെ ആറാം വകുപ്പിൽ വരുത്തിയ ഭേദഗതി സംബന്ധിച്ച് സുപ്രീം കോടതി തന്നെ മുൻപ് പല കേസുകളിൽ വ്യത്യസ്ത വിധികൾ നൽകിയ പശ്ചാത്തലത്തിലുണ്ടായ റഫറൻസിനുള്ള മറുപടിയാണ് ഇന്നലെ മൂന്നംഗ ബെഞ്ച് നൽകിയത്. ഭേദഗതി ചെയ്ത വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലും കീഴ്ക്കോടതികളിലുമുള്ള കേസുകൾ 6 മാസത്തിനകം തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

കേരള നിയമസഭ പാസാക്കിയ കേരള ഹിന്ദു കൂട്ടുകുടുംബ സമ്പ്രദായ (നിരോധന) നിയമം 1975 സ്ത്രീകൾക്കു തുല്യ പരിഗണന ഉറപ്പാക്കുന്നതാണ്. തമിഴ്നാട്, ആന്ധ്ര, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും പിന്നീട് ഇത്തരത്തിൽ നിയമമുണ്ടാക്കി. ഈ നിയമങ്ങളിലെ വ്യവസ്ഥകൾക്ക് അഖിലേന്ത്യാ സ്വഭാവം നൽകാനാണ് 2005ൽ, ഹിന്ദു പിന്തുടർച്ചാവകാശ നിയമം പാർലമെന്റ് ഭേദഗതി ചെയ്തത്. നിയമത്തിലെ മകൻ – മകൾ വേർതിരിവ് ഇപ്പോൾ ആറാം വകുപ്പിന്റെ ഭേദഗതിയിലൂടെ ഒഴിവാക്കി.”

Contact Our Executive